തിരുവനന്തപുരം: വിദ്യാഭ്യാസ നിലവാരം പരിശോധിക്കുന്ന ദേശീയ പഠനനേട്ട സർവേയായ നാസ് റിപ്പോർട്ട് അനുസരിച്ച് 65.33 പോയിന്റോടെ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്ത്. 68 പോയിന്റുമായി പഞ്ചാബാണ് ഒന്നാമത്.
2024ൽ മൂന്ന്,ആറ്, ഒൻപത് ക്ലാസുകളിലെ വിദ്യാർഥികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനായി ഭാഷ, ഗണിതം, പരിസരപഠനം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിലാണ് സര്‍വേ നടത്തിയത്. ആറാം ക്ലാസിലെ പഠന നിലവാരത്തിൽ രാജ്യത്ത് ഒന്നാമതാണ് കേരളം. ഒമ്പതാം ക്ലാസിൽ രണ്ടാമതും മൂന്നാം ക്ലാസിൽ മൂന്നാമതുമാണ്.
2021ൽ മൂന്ന്,അഞ്ച്, എട്ട്, ക്ലാസുകളിലായിരുന്നു സര്‍വേ.
സംസ്ഥാനത്തെ 1,644 സ്കൂളുകളിൽ നിന്നായി 46,737 വിദ്യാർഥികൾ സർവേയിൽ പങ്കെടുത്തു. ദേശീയ തലത്തില്‍ 74,000 സ്കൂളുകളിലായി 21,15,000 കുട്ടികള്‍ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ രംഗത്തെ മികവുറ്റതാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ദേശീയ പഠനനേട്ട സർവേ ഫലങ്ങളെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.